23 December 2012

ശംഖുപുഷ്പങ്ങള്‍..

എന്‍റെ ബാല്യത്തിലേക്ക് ഒരു കൂട്ടം മഷിത്തണ്ടുകളും, ഒരുപിടി ശംഖുപുഷ്പങ്ങളും എറിഞ്ഞു തന്നു അകലങ്ങളിലേക്കെങ്ങോ മാഞ്ഞു പോയവളാണ് നീ.. ചായങ്ങള്‍ കൊണ്ട് വരഞ്ഞിടാന്‍ പറ്റാതെ നിന്‍റെ മുഖം ഇന്നെന്‍റെ ഓര്‍മ്മകളില്‍ മങ്ങിക്കിടക്കുന്നു..

റോഡിലേക്കിറങ്ങുമ്പോള്‍ അരികിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളെ ഇപ്പോഴുമെനിക്കു ഭയമാണ്. അവയിലോന്നിന്‍റെ ടയറുകള്‍ വിധിയുടെ ജാതകം കുറിച്ചിട്ടത് നിന്‍റെ ശരീരത്തിലായിരുന്നല്ലോ.. അന്നു സ്കൂള്‍ നേരത്തെ വിട്ടു മടങ്ങുമ്പോള്‍, വഴിയിലെ ആള്‍ക്കൂട്ടത്തിനിടയില്‍, നിരത്തിവെച്ച ഇലകള്‍ക്കടിയില്‍ നീ നിദ്രയിലാണെന്നു മനസ്സിലാക്കാന്‍ പോലും എവിക്കാവുമായിരുന്നില്ല. ഒരിക്കലും മടക്കമില്ലാത്ത യാത്രയാണ് മരണമെന്ന്‍ അന്നെനിക്കറിയില്ലായിരുന്നു..

വീണുകിടക്കുന്ന പുസ്തകങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി, നീ എനിക്ക് തരാമെന്നേറ്റ ശംഖുപുഷ്പ്പങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഞാനവയ്ക്കരികിലേക്ക് നിനക്കായ് പറിച്ചു കൊണ്ടു വന്ന മഷിത്തണ്ടുകളും എറിഞ്ഞു കളഞ്ഞു. അവയെയും ചതച്ചരച്ചു പാഞ്ഞു പോയ വാഹനങ്ങള്‍ എന്‍റെ ആത്മാവിനെയും നെടുകെ ചീന്തുകയായിരുന്നോ...??!!

പിന്നീട്, വഴികള്‍ അവസാനിക്കുന്നിടത്തെങ്കിലും നിന്‍റെ കാല്‍പാദങ്ങള്‍ പ്രതീക്ഷിക്കുന്നവളായി ഞാനും മാറി. ഇന്നു നീ ഉണ്ടായിരുന്നെങ്കിലൊരുപക്ഷേ, അടക്കിപ്പിടിക്കലിന്‍റെ നെടുവീര്‍പ്പുകളോടെ, തനിച്ച് മഴ നനയേണ്ടി വരില്ലായിരുന്നെനിക്ക്..

ഋതുഭേധങ്ങള്‍ക്കിപ്പുറം, സ്വപ്നങ്ങളെയും യാഥാര്ഥ്യ ങ്ങളെയും കവിതകള്‍ കൊണ്ട് പിണച്ചു കെട്ടാന്‍ ഓടുന്ന തത്രപ്പാടില്‍, ഇന്നു വീണ്ടും ആ വഴി നടന്നു പോയപ്പോള്‍, വഴിയോരത്ത്, നിന്‍റെ പുഞ്ചിരിയെന്നോണം, മങ്ങിയതെങ്കിലും, ഒത്തിരി ശംഖുപുഷ്പ്പങ്ങള്‍ പൂത്തു നിക്കുന്നുണ്ടായിരുന്നു...

4 August 2012

കാത്തിരിപ്പ്‌...

അതൊരു നീണ്ട കാത്തിരിപ്പായിരുന്നു.. 

ഉള്ളിലെരിയുന്ന നേരിപ്പോടിലേക്ക്
തിമിര്‍ത്തു പെയ്യുന്ന
മഴയ്ക്കായുള്ള കാത്തിരിപ്പ്‌.....

ഒരു ദിനം എന്നിലവശേഷിപ്പിച്ചത്
ഒരു യുഗത്തിന്‍റെ മൂകത..

വിധവയുടെ വെള്ളവസ്ത്രമണിയാതെ
നിറങ്ങളുടുത്ത്‌ ഞാന്‍
കണ്ണില്‍ കടലൊളിച്ചു വച്ചു..

വരണ്ട നിലാവു തെളിച്ച വഴിയില്‍
കാലെടുത്തു വച്ചപ്പോള്‍
നീ അണിയിച്ചു തന്ന വെള്ളിക്കൊലുസുകള്‍
ചിലച്ചു..

രക്തം പൊടിഞ്ഞ്
വാക്കുകള്‍ ചുവപ്പു തുപ്പിയപ്പോള്‍
സൂര്യന്‍ കണ്ണിറുക്കി..

നിന്‍റെ അഭാവം
എന്നില്‍ തീര്‍ത്ത ശൂന്യതയില്‍ നിന്ന്
നമ്മുടെ പ്രണയത്തെ തന്നെയാണെനിക്ക്‌ 


കുഴിച്ചെടുക്കാനായത്‌....

ഒടുവില്‍.,
അകലങ്ങള്‍ക്കപ്പുറത്ത് നിന്നും
നിന്‍റെ ശബ്ദം വന്നു തൊട്ടപ്പോള്‍
എന്‍റെ കാതുകള്‍ പൊള്ളി..

അതായിരുന്നോ
പ്രണയത്തിന്‍റെ അഗ്നി നാളങ്ങള്‍....??

നീ വന്നെന്‍റെ ആത്മാവില്‍
ചുംബിച്ചപ്പോള്‍
നെഞ്ചിലെ നീറ്റലിന്നു മീതെ
മഴ ആര്‍ത്തു പെയ്യുന്നുണ്ടായിരുന്നു...

28 July 2012

ഋതു..


ഇലകള്‍ കൊഴിഞ്ഞതും 
പൂക്കള്‍ വിടര്‍ന്നതും 
വേനല്‍ ചൂടിലെരിയുന്ന മണ്ണിന്‍റെ 
നെഞ്ചിലേക്കാണ്.. 
ഋതുക്കള്‍ക്കു വിരുന്നൊരുക്കി 
കാലം നഗ്നയായി.. 
മാറു പിളര്‍ന്ന പുഴ 
രക്തസാക്ഷിയായി..

26 July 2012

ജന്മ ദിനം..

ഇതുപോലെ തിമിര്‍ത്തു പെയ്തൊരു മഴയിലേക്കായിരിക്കണം 
ഒച്ചയിട്ട്, 
ആര്‍ത്തു കരഞ്ഞു ഞാന്‍ ജനിച്ചു വീണിട്ടുണ്ടാവുക...
അന്നു പെയ്ത മഴയെന്‍റെ ആത്മാവിലും തൊട്ടിരുന്നിരിക്കണം....
പിന്നീട് 
ഓര്‍മ്മയിലെ മഴക്കാലങ്ങള്‍ക്കെല്ലാം 
പറയാന്‍ ഒരുപാട് ഉണ്ടായിരുന്നു.... 
ആത്മ സഖിയെന്ന പോലെ....

ഇന്ന് 
ആ പകലിന്‍റെ സ്മരണ പുതുക്കി 
മറ്റൊരു ജന്മദിനം കൂടെ പൊട്ടിയുദിച്ചു.. 
ഭ്രാന്തന്‍ ചിന്തകള്‍ക്ക്‌ വെള്ളമൊഴിച്ചു കൊണ്ട് 
മഴ സൂര്യനും മുമ്പേ മാനം അലങ്കരിച്ചുകൊണ്ടെത്തിയിരുന്നു....

വെയിലൊന്നു കണ്ണു തുറന്നപ്പോള്‍ 
മുറ്റത്തെ, ചോര തിന്ന ചെമ്പരത്തിപ്പൂക്കളിറുത്ത്‌ 
ഞാനൊരു പൂച്ചെണ്ടുണ്ടാക്കി, 
മഴ ഒളിഞ്ഞു നോക്കാറുള്ള എന്‍റെ ജാലകത്തിനടുത്തു വെച്ചു. 
പിന്നെ നോക്കുമ്പോള്‍ 
ആ പൂക്കളില്‍ നിറയെ 
മുത്തുകള്‍ വിതറിയപോല്‍ മിഴിനീര്‍ തുള്ളികള്‍...!!!
ആരാണ് കണ്ണുകള്‍കൊണ്ടവയെ ചുംബിച്ചതാവോ...
മഴ തന്നെയായിരിക്കണം...
മറ്റാരുമീവഴി വരാനിടയില്ലല്ലോ....
ഇത്രനാളും ചിരിക്കയാണെന്നു എന്നെ പറ്റിച്ച മഴ...!
പ്രവചനങ്ങള്‍ തെറ്റിച്ചു 
ഇന്നു എന്‍റെ ആഴങ്ങളില്‍ ചിതറിത്തെറിച്ചു...

18 July 2012

മുറിഞ്ഞ നിഴലുകള്‍..


ഇവരുടെ വഴിരേഖയില്‍
നിഴലു മുറിച്ചിട്ടത് ഞാനാണ്.
വഴിമാറി,
ഞാന്‍ പിച്ചിയിട്ട പനിനീര്‍പ്പൂവിന്‍റെ
ഇതളുകളില്‍
ഒളിച്ചു നിന്ന്‍
നൃത്തം ചെയ്തു,
രണ്ടുറുമ്പുകള്‍!!

13 June 2012

യാനം


കൂരിരുട്ടിന്‍റെ മടക്കുകളില്‍ 
നീ വിതറിയിട്ടു പോയ
തൂവലുകള്‍ 
പെറുക്കിയെടുക്കാനാണ്
ഞാന്‍,

എന്‍റെ മുറിയിലെ
നീല വെളിച്ചത്തില്‍ നിന്നൊരിറ്റു
കണ്ണുകളില്‍ പകര്‍ത്തി,
നിറങ്ങളില്ലാത്ത
വഴികളില്‍ നടന്നത്....

ഇപ്പോള്‍
വഴികള്‍ അവസാനിക്കുന്നു...
എന്‍റെ കൈ ശൂന്യമാണ്...
പ്രാകാശം പോലും അന്യം...!


4 June 2012

നീ...


നീയെന്നാല്‍
എന്‍റെ കാഴ്ച്ചകള്‍ക്കപ്പുറം
ഉയര്‍ന്നു നില്‍ക്കുന്ന വൃക്ഷമാണ്..
നിന്‍റെ ചില്ലകള്‍ തോറും
എന്‍റെ പ്രണയം

പടര്‍ന്നിറങ്ങി,
നിന്‍റെയാത്മാവു കണ്ട്
നിര്‍വൃതിയടയുന്നു...
ഞാന്‍ മരിക്കുന്നു..
ഇനിയും നിന്‍റെ ചുവട്ടിലെനിക്കിടം വേണം..
നിന്‍റെ വേരുകളിലള്ളിപ്പിടിച്ചു കയറി
ഞാനിനിയുമെന്‍റെ പ്രണയം തേടും...
 

31 May 2012

പ്രണയത്തിന്‍റെ ഇടനാഴിയില്‍...

പ്രണയത്തിന്‍റെ ഇടനാഴിയില്‍....

തുറന്ന ആകാശത്തെയും,
എന്തോ പറയാന്‍ വെമ്പല്‍ കൊണ്ട്
കറുത്ത തട്ടമിട്ടു വന്ന മഴ മേഘങ്ങളെയും,
മറവിയുടെ ഇടനാഴികളില്‍
ചീന്തിയെറിഞ്ഞ ഓര്‍മ്മകളിലേയ്ക്ക്
ഗുല്‍മോഹര്‍ പൂക്കള്‍ വിരിച്ച താഴ്വരയിലൂടെയുള്ള
നിന്‍റെ
സന്ധ്യാ സഞ്ചാരത്തെക്കുറിച്ചുമെല്ലാം
നീ പറഞ്ഞപ്പോള്‍
എന്‍റെയുള്ളില്‍ പ്രണയമായിരുന്നു...
പ്രണയം മാത്രം.....!

എന്നോ ചില്ലുകുപ്പിയിലടച്ച
വളപ്പൊട്ടുകളിലെ നിറഭേദങ്ങള്‍ പോലെയായിരുന്നു
നിന്‍റെ വാക്കുകളിലെ കവിത.
മഴ പകുത്തുനല്‍കിയ
മഴവില്ലിന്‍റെ ചീളുകള്‍ പെറുക്കിയെടുത്ത്‌
കൂടു പണിയാന്‍ പാറിനടന്ന പക്ഷികള്‍ക്ക്
നീ കാതോര്‍ത്തിരുന്നുവോ..?
അവ കാറ്റിനോട് പറഞ്ഞത്‌
മേഘങ്ങള്‍ക്ക് മണ്ണിനോടുള്ള
പ്രണയത്തെക്കുറിച്ചായിരുന്നു....
മേഘങ്ങള്‍ ഭൂമിയെ ചുംബിക്കാനായ്‌,
പതുങ്ങിവരാന്‍ വേണ്ടിയാണ്
കറുപ്പണിഞ്ഞതെന്നും
കാറ്റെന്നോട് പറഞ്ഞു..

ഇന്ന്
പ്രകൃതിയെന്തേ പതിവിലും
സുന്ദരിയായിരിക്കുന്നത്?
അറിയില്ല...
ഒന്നു ഞാനറിയുന്നു...
പെയ്യാനിരിക്കുന്ന മഴയില്‍
എന്‍റെ പ്രണയം
നിന്‍റെ മുന്നില്‍ നഗ്നമാക്കപ്പെടുമെന്ന്..
പെരുമഴ മുറിച്ചു
നീയെന്‍റെ നിശബ്ദയുടെ  രഹസ്യം
തേടുമെന്ന്.....

22 April 2012

മുക്കുറ്റി..






എത്ര വട്ടം ഞാന്‍ നിന്‍റെ തലനുള്ളി
കണ്ണ് മഞ്ഞളിച്ചിരുന്നിട്ടുണ്ടന്നു,
നേരമേറും മുമ്പേ നീ വാടി കണ്ണു പൂട്ടിയത്
നിന്നെ അടര്‍ത്തി മാറ്റിയ എന്നോടുള്ള 
പരിഭവത്താലാവണം.....

21 April 2012

മഴ........


മഴ,
എന്‍റെ പ്രണയി...
ഇന്നു നീയെനിക്ക് 
മുമ്പത്തേക്കാളും 
ഹൃദ്യമായൊരു 
കവിത സമ്മാനിക്കുന്നു....