31 May 2012

പ്രണയത്തിന്‍റെ ഇടനാഴിയില്‍...

പ്രണയത്തിന്‍റെ ഇടനാഴിയില്‍....

തുറന്ന ആകാശത്തെയും,
എന്തോ പറയാന്‍ വെമ്പല്‍ കൊണ്ട്
കറുത്ത തട്ടമിട്ടു വന്ന മഴ മേഘങ്ങളെയും,
മറവിയുടെ ഇടനാഴികളില്‍
ചീന്തിയെറിഞ്ഞ ഓര്‍മ്മകളിലേയ്ക്ക്
ഗുല്‍മോഹര്‍ പൂക്കള്‍ വിരിച്ച താഴ്വരയിലൂടെയുള്ള
നിന്‍റെ
സന്ധ്യാ സഞ്ചാരത്തെക്കുറിച്ചുമെല്ലാം
നീ പറഞ്ഞപ്പോള്‍
എന്‍റെയുള്ളില്‍ പ്രണയമായിരുന്നു...
പ്രണയം മാത്രം.....!

എന്നോ ചില്ലുകുപ്പിയിലടച്ച
വളപ്പൊട്ടുകളിലെ നിറഭേദങ്ങള്‍ പോലെയായിരുന്നു
നിന്‍റെ വാക്കുകളിലെ കവിത.
മഴ പകുത്തുനല്‍കിയ
മഴവില്ലിന്‍റെ ചീളുകള്‍ പെറുക്കിയെടുത്ത്‌
കൂടു പണിയാന്‍ പാറിനടന്ന പക്ഷികള്‍ക്ക്
നീ കാതോര്‍ത്തിരുന്നുവോ..?
അവ കാറ്റിനോട് പറഞ്ഞത്‌
മേഘങ്ങള്‍ക്ക് മണ്ണിനോടുള്ള
പ്രണയത്തെക്കുറിച്ചായിരുന്നു....
മേഘങ്ങള്‍ ഭൂമിയെ ചുംബിക്കാനായ്‌,
പതുങ്ങിവരാന്‍ വേണ്ടിയാണ്
കറുപ്പണിഞ്ഞതെന്നും
കാറ്റെന്നോട് പറഞ്ഞു..

ഇന്ന്
പ്രകൃതിയെന്തേ പതിവിലും
സുന്ദരിയായിരിക്കുന്നത്?
അറിയില്ല...
ഒന്നു ഞാനറിയുന്നു...
പെയ്യാനിരിക്കുന്ന മഴയില്‍
എന്‍റെ പ്രണയം
നിന്‍റെ മുന്നില്‍ നഗ്നമാക്കപ്പെടുമെന്ന്..
പെരുമഴ മുറിച്ചു
നീയെന്‍റെ നിശബ്ദയുടെ  രഹസ്യം
തേടുമെന്ന്.....

5 comments:

  1. ചിത്രം മനോഹരമായിരിക്കുന്നു അതുപോലെ തന്നെ മഴയില്‍ കുതിര്‍ന്ന ഈ പ്രണയകവിതയും.....ആശംസകള്‍

    ReplyDelete
  2. പ്രണയത്തിന്‍റെ ഇടനാഴിയില്‍, ഒരു സ്വപ്നം പോലെ.......

    ReplyDelete
  3. മഴപോലെ സുന്ദരമായിരിക്കുന്നു ഈ എഴുത്ത്.......keep it up......:-)

    ReplyDelete