18 September 2013

മഴ


ആകാശം
ആഘോഷിച്ചു പെയ്യുന്നുവെന്ന്‍
ഇനി
എനിക്കോ
നിനക്കോ
പറയുവാനാവില്ല!

ഗോലിയാത്തിനെ വീഴ്ത്തിയ
തെറ്റാലിയില്‍ നിന്ന്‍
ആരോ എയ്തുവിട്ട
മൗനം
കൊണ്ടപ്പോള്‍ തൊട്ട്
മേഘങ്ങള്‍
മരിക്കാന്‍ തുടങ്ങിയതായിരുന്നു.

പലവുറി പൊടിഞ്ഞ്
ഉരുണ്ട്
നനുത്ത കല്ലുകലായ്
ജലകണങ്ങളായ്
പലവഴി ചിതറുകയായിരുന്നു.

പിറവിയുടെ ആരവങ്ങളുമായല്ല,
മുകിലിന്‍റെ
അലമുറകളുമായിട്ടാണ്
ഓരോ മഴയും
പെയ്തു വീഴുന്നത്..!

14 May 2013

പുനര്‍ജന്മം


എന്‍റെ കണ്ണുകളില്‍ തീയാളിപ്പടര്‍ന്നു .
വറുതിയുടെ ചലനമറ്റപ്പോള്‍ പിന്നെ ഇരുട്ടായി.
കനത്ത മൗനം എന്നെ നിര്‍വീര്യമാക്കി.
പതിയെ,
വിണ്ടുപൊട്ടിയ ആകാശത്തിന്‍റെ കഷണങ്ങള്‍
മഞ്ഞു തുള്ളികളായി എന്നിലേക്ക്
അടര്‍ന്നു വീഴാന്‍ തുടങ്ങി.

അവസാനം,
മൃത്യുവിന്‍റെ, വാതായനത്തിലേക്കടുക്കാന്‍ തുടങ്ങിയപ്പോള്‍
പിന്‍വിളിയുണ്ടായി.
എന്‍റെ വിലാപങ്ങള്‍ക്കു മേല്‍ നിന്‍റെ മൂര്‍ച്ചയേറിയ
ശബ്ദങ്ങള്‍
മുഴങ്ങാന്‍ തുടങ്ങി,
വര്‍ഷകാലത്തെ ഇടിമുഴക്കങ്ങള്‍ പോലെ.

ധുരിതങ്ങളൊടുങ്ങി.
മണ്ണും മനസ്സും ഹരിതവര്‍ണ്ണം ചൂടി.
ഞാന്‍ തിരിച്ചു നടന്നു.
അതുവരെയാടിയ വേഷങ്ങളെല്ലാം അഴിച്ചുവച്ചു.
അന്ന്, അതെന്‍റെ വിലാപജന്മത്തിലെ അവസാനത്തെ
പകലായിരുന്നു, അവസാനത്തെ രാത്രിയായിരുന്നു.
അതിനു പിറ്റേന്ന്,
ഞാന്‍ നിനക്കൊപ്പം പുനര്‍ജനിച്ചു!

നിത്യ പ്രണയത്തിന്‍റെ ജന്മം!

15 April 2013

Life...

ജീവിതത്തിലെ ചില നിമിഷങ്ങളുണ്ട്
നേട്ടങ്ങളുടെ,
കയ്യടക്കലുകളുടെ,
അഹങ്കാരത്തിന്‍റെ,
തിരിച്ചറിവിന്‍റെ,
വിട്ടുവീഴ്ച്ചകളുടെ,
നഷ്ടപ്പെടലുകളുടെ,
പശ്ചാത്താപത്തിന്‍റെ,
സ്നേഹത്തിന്‍റെ,
വെറുക്കപ്പെടലുകളുടെ,
ഉപേക്ഷിക്കലിന്‍റെ,
ഏകാന്തതയുടെ
നിഴല്‍ വരഞ്ഞിട്ട നിമിഷങ്ങള്‍...

ഇവയില്‍ എവിടെയൊക്കെയോ
നമ്മള്‍
നമ്മെ കണ്ടെടുക്കുന്നു.

പിന്നെ,
 
ആഴിയെറിയാന്‍ മറന്നുപോയ
കടലിന്‍റെ നിശബ്ദതയിലേക്കുള്ള
മടക്കം.

അലറിയെത്തുന്ന കാറ്റിലും,
ഇലകള്‍ ഉപേക്ഷിച്ച
വാകമരത്തിന്‍റെ കൊമ്പില്‍
മുറുകെപ്പിടിച്ച്,
അവസാന തുള്ളി വായു
ഭുജിക്കാന്‍ വേണ്ടിയുള്ള
കാത്തിരിപ്പ്‌.
 
നിഴല്‍ പിരിയും മുമ്പേ
മിന്നലിന്‍റെ ചീളു കൊണ്ട്
മാനത്തു കോറിയിടാന്‍
ഒരു ചോദ്യം:

ഞാന്‍ എന്തായിരുന്നു.....???
 
ഉത്തരങ്ങള്‍ ഓര്‍മ്മകളിലേക്ക്
വിരല്‍ ചൂണ്ടുമ്പോള്‍
നിമിഷങ്ങളുടെ കണക്കെടുത്ത്
നമ്മള്‍
നമ്മെത്തന്നെ മാറ്റിക്കുറിക്കുന്നു.

കാലം ഒറ്റുകൊടുത്തത്
സ്വപ്നങ്ങളെത്തന്നെയായിരുന്നില്ലേ...