4 August 2012

കാത്തിരിപ്പ്‌...

അതൊരു നീണ്ട കാത്തിരിപ്പായിരുന്നു.. 

ഉള്ളിലെരിയുന്ന നേരിപ്പോടിലേക്ക്
തിമിര്‍ത്തു പെയ്യുന്ന
മഴയ്ക്കായുള്ള കാത്തിരിപ്പ്‌.....

ഒരു ദിനം എന്നിലവശേഷിപ്പിച്ചത്
ഒരു യുഗത്തിന്‍റെ മൂകത..

വിധവയുടെ വെള്ളവസ്ത്രമണിയാതെ
നിറങ്ങളുടുത്ത്‌ ഞാന്‍
കണ്ണില്‍ കടലൊളിച്ചു വച്ചു..

വരണ്ട നിലാവു തെളിച്ച വഴിയില്‍
കാലെടുത്തു വച്ചപ്പോള്‍
നീ അണിയിച്ചു തന്ന വെള്ളിക്കൊലുസുകള്‍
ചിലച്ചു..

രക്തം പൊടിഞ്ഞ്
വാക്കുകള്‍ ചുവപ്പു തുപ്പിയപ്പോള്‍
സൂര്യന്‍ കണ്ണിറുക്കി..

നിന്‍റെ അഭാവം
എന്നില്‍ തീര്‍ത്ത ശൂന്യതയില്‍ നിന്ന്
നമ്മുടെ പ്രണയത്തെ തന്നെയാണെനിക്ക്‌ 


കുഴിച്ചെടുക്കാനായത്‌....

ഒടുവില്‍.,
അകലങ്ങള്‍ക്കപ്പുറത്ത് നിന്നും
നിന്‍റെ ശബ്ദം വന്നു തൊട്ടപ്പോള്‍
എന്‍റെ കാതുകള്‍ പൊള്ളി..

അതായിരുന്നോ
പ്രണയത്തിന്‍റെ അഗ്നി നാളങ്ങള്‍....??

നീ വന്നെന്‍റെ ആത്മാവില്‍
ചുംബിച്ചപ്പോള്‍
നെഞ്ചിലെ നീറ്റലിന്നു മീതെ
മഴ ആര്‍ത്തു പെയ്യുന്നുണ്ടായിരുന്നു...