20 January 2014

Mounam

അടയാളങ്ങളൊന്നും ബാക്കിവെയ്ക്കാതെ
കടന്നുപോകുന്ന കാറ്റിനെപ്പോലെയാണു
ഈ ജീവിതവും എന്നെനിക്ക്‌ തോന്നുന്നുണ്ടായിരുന്നു.
ചിറകു നശ്ടപ്പെട്ട കുരുവികളുടെ
അടക്കിപ്പിടിച്ച തേങ്ങലുകൾ,
എടുത്തു പറയത്തക്ക ഭൂതകാലമോ
ഭാവിയൊ ഇല്ലാത്ത ആകാശത്തിന്റെ,
കണ്ണുകൾക്കന്ന്യമായ ഏതോ കോണിൽനിന്ന്
എന്റെ കാതുകളിൽ പതിയുന്നു.

നിനക്കും മുൻപേ,
മൗനത്തിന്റെ മുനകൂർപ്പിച്ച അമ്പുകൾ
എനിക്കു ചുറ്റും വലയം തീർക്കുന്നു.

ഒരിക്കൽ പെയ്തു തീരേണ്ടുന്ന
മഴയ്ക്കു വേണ്ടിയുള്ള
എന്റെ
അവസാനിക്കാത്ത കാത്തിരിപ്പിനെ
ഇനി നിനക്ക്‌
ഭ്രാന്തെന്നു വിളിക്കാം.

ഒരിക്കൽ മങ്ങിപ്പോവേണ്ടുന്ന
നിറങ്ങൾക്കുവേണ്ടിയുള്ള
എന്റെ ആകാംശയെ
ഇനി നിനക്ക്‌ വിഡ്ഡിത്തമെന്നു പുലമ്പാം.

കാരണം
മൗനത്തെ
വേരോടെ അടർത്തിമാറ്റി
വെളിച്ചം ഇരുട്ടിനോടു പക തീർക്കുന്നപോലെ
ഇനിയെനിക്കു ജീവിക്കവാനാകും...