23 December 2012

ശംഖുപുഷ്പങ്ങള്‍..

എന്‍റെ ബാല്യത്തിലേക്ക് ഒരു കൂട്ടം മഷിത്തണ്ടുകളും, ഒരുപിടി ശംഖുപുഷ്പങ്ങളും എറിഞ്ഞു തന്നു അകലങ്ങളിലേക്കെങ്ങോ മാഞ്ഞു പോയവളാണ് നീ.. ചായങ്ങള്‍ കൊണ്ട് വരഞ്ഞിടാന്‍ പറ്റാതെ നിന്‍റെ മുഖം ഇന്നെന്‍റെ ഓര്‍മ്മകളില്‍ മങ്ങിക്കിടക്കുന്നു..

റോഡിലേക്കിറങ്ങുമ്പോള്‍ അരികിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളെ ഇപ്പോഴുമെനിക്കു ഭയമാണ്. അവയിലോന്നിന്‍റെ ടയറുകള്‍ വിധിയുടെ ജാതകം കുറിച്ചിട്ടത് നിന്‍റെ ശരീരത്തിലായിരുന്നല്ലോ.. അന്നു സ്കൂള്‍ നേരത്തെ വിട്ടു മടങ്ങുമ്പോള്‍, വഴിയിലെ ആള്‍ക്കൂട്ടത്തിനിടയില്‍, നിരത്തിവെച്ച ഇലകള്‍ക്കടിയില്‍ നീ നിദ്രയിലാണെന്നു മനസ്സിലാക്കാന്‍ പോലും എവിക്കാവുമായിരുന്നില്ല. ഒരിക്കലും മടക്കമില്ലാത്ത യാത്രയാണ് മരണമെന്ന്‍ അന്നെനിക്കറിയില്ലായിരുന്നു..

വീണുകിടക്കുന്ന പുസ്തകങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി, നീ എനിക്ക് തരാമെന്നേറ്റ ശംഖുപുഷ്പ്പങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഞാനവയ്ക്കരികിലേക്ക് നിനക്കായ് പറിച്ചു കൊണ്ടു വന്ന മഷിത്തണ്ടുകളും എറിഞ്ഞു കളഞ്ഞു. അവയെയും ചതച്ചരച്ചു പാഞ്ഞു പോയ വാഹനങ്ങള്‍ എന്‍റെ ആത്മാവിനെയും നെടുകെ ചീന്തുകയായിരുന്നോ...??!!

പിന്നീട്, വഴികള്‍ അവസാനിക്കുന്നിടത്തെങ്കിലും നിന്‍റെ കാല്‍പാദങ്ങള്‍ പ്രതീക്ഷിക്കുന്നവളായി ഞാനും മാറി. ഇന്നു നീ ഉണ്ടായിരുന്നെങ്കിലൊരുപക്ഷേ, അടക്കിപ്പിടിക്കലിന്‍റെ നെടുവീര്‍പ്പുകളോടെ, തനിച്ച് മഴ നനയേണ്ടി വരില്ലായിരുന്നെനിക്ക്..

ഋതുഭേധങ്ങള്‍ക്കിപ്പുറം, സ്വപ്നങ്ങളെയും യാഥാര്ഥ്യ ങ്ങളെയും കവിതകള്‍ കൊണ്ട് പിണച്ചു കെട്ടാന്‍ ഓടുന്ന തത്രപ്പാടില്‍, ഇന്നു വീണ്ടും ആ വഴി നടന്നു പോയപ്പോള്‍, വഴിയോരത്ത്, നിന്‍റെ പുഞ്ചിരിയെന്നോണം, മങ്ങിയതെങ്കിലും, ഒത്തിരി ശംഖുപുഷ്പ്പങ്ങള്‍ പൂത്തു നിക്കുന്നുണ്ടായിരുന്നു...