26 July 2012

ജന്മ ദിനം..

ഇതുപോലെ തിമിര്‍ത്തു പെയ്തൊരു മഴയിലേക്കായിരിക്കണം 
ഒച്ചയിട്ട്, 
ആര്‍ത്തു കരഞ്ഞു ഞാന്‍ ജനിച്ചു വീണിട്ടുണ്ടാവുക...
അന്നു പെയ്ത മഴയെന്‍റെ ആത്മാവിലും തൊട്ടിരുന്നിരിക്കണം....
പിന്നീട് 
ഓര്‍മ്മയിലെ മഴക്കാലങ്ങള്‍ക്കെല്ലാം 
പറയാന്‍ ഒരുപാട് ഉണ്ടായിരുന്നു.... 
ആത്മ സഖിയെന്ന പോലെ....

ഇന്ന് 
ആ പകലിന്‍റെ സ്മരണ പുതുക്കി 
മറ്റൊരു ജന്മദിനം കൂടെ പൊട്ടിയുദിച്ചു.. 
ഭ്രാന്തന്‍ ചിന്തകള്‍ക്ക്‌ വെള്ളമൊഴിച്ചു കൊണ്ട് 
മഴ സൂര്യനും മുമ്പേ മാനം അലങ്കരിച്ചുകൊണ്ടെത്തിയിരുന്നു....

വെയിലൊന്നു കണ്ണു തുറന്നപ്പോള്‍ 
മുറ്റത്തെ, ചോര തിന്ന ചെമ്പരത്തിപ്പൂക്കളിറുത്ത്‌ 
ഞാനൊരു പൂച്ചെണ്ടുണ്ടാക്കി, 
മഴ ഒളിഞ്ഞു നോക്കാറുള്ള എന്‍റെ ജാലകത്തിനടുത്തു വെച്ചു. 
പിന്നെ നോക്കുമ്പോള്‍ 
ആ പൂക്കളില്‍ നിറയെ 
മുത്തുകള്‍ വിതറിയപോല്‍ മിഴിനീര്‍ തുള്ളികള്‍...!!!
ആരാണ് കണ്ണുകള്‍കൊണ്ടവയെ ചുംബിച്ചതാവോ...
മഴ തന്നെയായിരിക്കണം...
മറ്റാരുമീവഴി വരാനിടയില്ലല്ലോ....
ഇത്രനാളും ചിരിക്കയാണെന്നു എന്നെ പറ്റിച്ച മഴ...!
പ്രവചനങ്ങള്‍ തെറ്റിച്ചു 
ഇന്നു എന്‍റെ ആഴങ്ങളില്‍ ചിതറിത്തെറിച്ചു...

5 comments:

  1. കവിതകളില്‍ അധികവും മഴയുണ്ടല്ലോ? മഴയെ അത്രയ്ക്ക് ഇഷ്ട്ടമാണോ? കൊള്ളം ....ആശംസകള്‍

    ReplyDelete
  2. മഴ തൊട്ടതു ആത്മാവിലാണ്...
    പിരിയാന്‍ വയ്യ....

    ReplyDelete
  3. THORAATHE PEYYATTE .................

    ReplyDelete
  4. ആര്‍ദ്രമായ്‌ പെയ്തിറങ്ങട്ടെ....

    ReplyDelete
  5. ഏതൊരു മഴയും ഒറ്റത്തുള്ളിയില്‍ അവസാനിക്കാതിരിക്കുമോ.....

    ReplyDelete